തിരുവനന്തപുരം: രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈ മാസികയായ രാജഹംസത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശശി തരൂർ എംപിക്ക് നൽകിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിർവഹിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ രാജ്ഭവന് സ്വന്തമായി ഇത്തരത്തിൽ പ്രസിദ്ധീകണമുണ്ടോയെന്ന് അറിയില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടു തന്നെ ഇവിടെ ഇങ്ങനെയൊന്നിന് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ കൂടിക്കാഴ്ചകൾ, ചർച്ചകൾ ഇവയെല്ലാം രേഖപ്പെടുത്തുന്ന ക്രോണിക്കിൾ ആകും ഇതെന്ന് കരുതുന്നു. സംവാദാത്മകമാണ് നമ്മുടെ സമൂഹം. അതിനാൽ സർക്കാരിന്റേതിൽ നിന്നും വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ ഇതിൽ വന്നുവെന്നു വരാം. ആദ്യ പ്രസിദ്ധീകരണത്തിൽ തന്നെ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സർക്കാരിന്റെ അഭിപ്രായങ്ങളല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
ആ ലേഖനം വരുന്നത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം നവോത്ഥാന പൈതൃകത്തിന്റെ ഈടുവയ്പായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണ് സർക്കാരിന്റെ നിലപാട്. വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്ഭവൻ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്താതെ പോകുകയെന്ന അനൗചിത്യം ഉണ്ടാകാതെ നോക്കാൻ രാജഹംസത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുമായുള്ള തർക്കങ്ങളിൽ മഞ്ഞുരുക്കിക്കൊണ്ടാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ല. രാജ്ഭവനിലെ ചടങ്ങുകൾക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വൻ വിവാദമാണ് നേരത്തെ ഉണ്ടായിരുന്നത്.

