തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയുടെ പേര് മന്ത്രി സജി ചെറിയാന് പുറത്തുവിട്ടു. ‘വാനോളം മലയാളം ലാല്‍സലാം’ എന്നാണ് പരിപാടിയുടെ പേര്. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ക്രമീകരണങ്ങളോടെ ആകും പരിപാടി.

മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. എന്നാല്‍ പരിപാടിയുടെ പേരിലെ ‘ലാല്‍സലാം’ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍ സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും സജി ചെറിയാന് പറഞ്ഞു.
100 വര്‍ഷം തികയുന്ന മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ അനുപമമായ കലാജീവിതം 50 വര്‍ഷത്തിലേക്ക് കടക്കുകയാണ്. കലാമൂല്യത്തിലും വ്യാവസായികമായും മലയാള സിനിമയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച മോഹന്‍ലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് ‘മലയാളം വാനോളം, ലാല്‍സലാം’എന്നും സജി ചെറിയാന്.

അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍, ഒട്ടേറെ അനശ്വര കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ മുന്‍നിരയില്‍ സ്ഥാനം നേടിയ കലാകാരനാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം, ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2023-ലെ ഫാല്‍ക്കെ പുരസ്കാരത്തിനാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ഈ പരമോന്നത ബഹുമതി നേടുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍. ഇത് മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ്ണ നേട്ടമാണ്. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അദ്ദേഹം നല്കിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കല്‍ ചടങ്ങ്. വലിയജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന എല്ലാവര്ക്കും പരിപാടി കാണാന്‍ അവസരം ഉണ്ടായിരിക്കും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സംവിധായകന് ടി.കെ.രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘ആടാം നമുക്ക് പാടാം’ മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും ചേര്‍ന്ന് വേദിയില്‍ എത്തിക്കും. ഗായികമാരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, സിത്താര, ആര്യ ദയാല്‍, മഞ്ജരി, ജ്യോത്സന, മൃദുല വാര്യര്‍, നിത്യ മാമന്, സയനോര, രാജലക്ഷ്മി, കല്പ്പനരാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവര്‍ മോഹന്‍ലാല്‍ സിനിമകളിലെ ഹൃദ്യമായ മെലഡികള്‍ അവതരിപ്പിക്കും. ഓരോ ഗാനത്തിനും മുന്‍പായി മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ഉര്‍വശി, ശോഭന, മഞ്ജു വാര്യര്‍, പാര്‍വതി, കാര്‍ത്തിക, മീന, നിത്യ മേനന്, ലിസി, രഞ്ജിനി, രമ്യ കൃഷ്ണന്, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോന്, മാളവിക മോഹന്‍ എന്നിവര്‍ വേദിയില്‍ സംസാരിക്കും. പരിപാടിയുടെ ലോഗോ ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്കി പ്രകാശനം ചെയ്തു.
