കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിക്രമിച്ച് കയറിയതായി പരാതി.സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ജിസിഡിഎ രംഗത്തെത്തി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. ജി സി ഡി എ സെക്രട്ടറിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കയറരുത് എന്ന് നിര്‍ദേശിച്ചിട്ടും ബലമായി കയറിയെന്നാണ് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജിസിഡിഎ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നവീകരണത്തിനായി കലൂര്‍ സ്റ്റേഡിയം സ്പോണ്സര്മാര്ക്ക് കൈമറിയതില് ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്, എംഎല്‍എമാരായ ഉമാ തോമസ്, ടിജ വിനോദ്, എന്നിവരടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.

