കല്‍പ്പറ്റ: സംസ്ഥാനത്തെ അതിദാരിദ്ര്യരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ് ആദിവാസി സംഘടനകള്‍. പട്ടിണി, തൊഴിലില്ലായ്മ, ഭൂരാഹിത്യം എന്നിവയ്ക്കെതിരായി ആദിവാസി സംഘടനകള്‍ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

നവംബര്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന് എന്നിവരരും പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ ആഘോഷം തങ്ങളുടെ അതിജീവന പോരാട്ടത്തെ തന്നെ പരിഹസിക്കുന്നതാണെന്നതാണെന്ന നിലപാടിലാണ് ആദിവാസി വിഭാഗങ്ങള്‍. അതിദരിദ്രരെയും അരികുവല്‍ക്കരിക്കപ്പെട്ടവരേയും പരിഗണിക്കുന്നതില്‍ ഈ ക്യാംപെയ്ന് പരാജയപ്പെട്ടെന്നാണ് ഇവരുടെ ആരോപണം.
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രി ഒ ആര് കേളു ഒക്ടോബര്‍ 25ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചു. ”മന്ത്രി വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആളല്ലേ? ഇവിടെ താമസിക്കുന്ന ആര്‍ക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങള്‍ പട്ടിണിയിലും അതിദാരിദ്ര്യത്തിലും കുടുങ്ങിക്കിടക്കുകയാണ്”- ആദിവാസി പ്രവര്ത്തകന് മണിക്കുട്ടന് പണിയന് പറയുന്നു.

ഇവിടുത്തെ ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തപ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് അതി ദാരിദ്ര്യം തുടച്ചു നീക്കിയെന്ന് അവകാശപ്പെടാന്‍ കഴിയുകയെന്നും മണിക്കുട്ടന് ചോദിച്ചു.

