
തിരുവല്ല : പൊയ്കയിൽ ദിവ്യ മാതാവിന്റെ 40മത് ദേഹ വിയോഗ വാർഷിക അനുസ്മരണ ഉപവാസധ്യാനയോഗത്തിന് തുടക്കം കുറിച്ചു. 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 04 വരെയാണ് ഉപവാസ ധ്യാനയോഗം ആചരിക്കുന്നത്. 2025 ജനുവരി 4 ന് കുളത്തൂർ ദിവ്യ മാതാ മണ്ഡപത്തിൽ നിന്നും ഇരവിപേരൂരിലെ വിശുദ്ധ സങ്കേത ഭൂമിയിലേക്ക് കുളത്തൂർ -പൊയ്ക പദയാത്രയും തുടർന്നു വിശുദ്ധ തങ്കവിലാസം ബംഗ്ലാവിൽ ദേഹ വിയോഗ അനുസ്മരണ പ്രാർത്ഥനയും നടക്കും.
പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ദേഹവിയോഗത്തിന് ശേഷം പ്രത്യക്ഷ രക്ഷാ ദൈവ സഭ കടുത്ത പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോയികൊണ്ടിരുന്ന സമയത്താണ് പൊയ്കയിൽ ദിവ്യ മാതാവ് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സഭാപരമായും വ്യക്തിപരമായും നേരിട്ടിരുന്ന തടസ്സങ്ങളെയും പ്രതിസന്ധികളെയും നേരിട്ടും അതിജീവിച്ചും 46 വർഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയെ മുന്നോട്ട് നയിച്ചു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ഭരണഘടന യൊരുക്കിയതും ദിവ്യ മാതാവാണ്.
ദിവ്യ മാതാവിന്റെ 40മത് ദേഹ വിയോഗ വാർഷിക അനുസ്മരണ ഉപവാസ ധ്യാനയോഗങ്ങളുടെ പുണ്യ ദിനങ്ങൾക്ക് ലോകമെമ്പാടുമുള്ള പ്രത്യക്ഷ രക്ഷാ ദൈവ സഭ വിശ്വാസികൾ ഇന്ന് മുതൽ തുടക്കം കുറിക്കുന്നു.
സുമേഷ് കാഞ്ഞിരത്തുംമൂട്ടിൽ
