കൊച്ചി: മുള കൊണ്ട് എന്തെല്ലാം നിർമിക്കാനാവും? ഈ ചോദ്യത്തിന് ഉത്തരം നൽകിയാണ് കൊച്ചിയിൽ ബാംബൂ ഫെസ്റ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും മുള കൊണ്ട് നിർമിക്കാൻ സാധിക്കുന്ന വസ്തുവിന്റെ പുതിയ ആശയവും ആ ആശയത്തിൽ വിരിഞ്ഞ പുതിയ ഉത്പ്പന്നവും മേളയിലുണ്ടാവും. ഫെസ്റ്റ് കഴിഞ്ഞ് പോകുമ്പോഴേക്കും ഇവരിൽ പലർക്കും അടുത്ത ആറ് മാസത്തേക്ക് വരെയുള്ള ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ജനറൽ മാനേജറായ വാൻ റോയ് പറഞ്ഞു.

“മെഷീൻ ഉപയോഗിച്ച് മുള കൊണ്ട് വസ്തുക്കൾ നിർമിക്കാൻ സംരംഭകരെ പ്രാപ്തരാക്കാനും ഫെസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നു.ഇതിലൂടെ സമയം ലാഭിക്കാം എന്നതിനൊപ്പം ഏറ്റവും ചെറിയ ആകൃതിയിൽ വരെ മുള കൊണ്ട് വസ്തുക്കളുണ്ടാക്കാനാവും,” വാൻ റോയ് ചൂണ്ടിക്കാണിച്ചു.
വയനാട്ടിൽ നിന്നുള്ളവരുടെ സ്റ്റാളുകൾ ആണ് മേളയിൽ കൂടുതലും. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്കറ്റ് എന്നിങ്ങനെ വിഭവങ്ങള്‍ മേളയിലുണ്ട്. മുളയരി പായസവും ആളുകളെആകർഷിക്കുന്നു. ഇത്തവണത്തെ മേളയിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് ഭൂട്ടാനിൽ നിന്നുള്ള സ്റ്റാളാണ്. ഭൂട്ടാന്റെ തനതായ മുള ഉൽപ്പന്നങ്ങൾ ഇവിടെ കാണാം. തൊപ്പി, ബാഗ്, പഴ്സ് തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശൈലികള്‍ കൗതുകമുണർത്തുന്നതാണ്.

ഇലക്ട്രിക് ഫിറ്റിംഗ് ഉപകരണങ്ങൾക്ക് ഫെസ്റ്റിൽ ആവശ്യക്കാരേറെയാണ്. പരമ്പരാഗത വസ്തുക്കളായ കുട്ട, വട്ടി, പായ് എന്നിവയ്ക്കൊപ്പം മുളകൊണ്ടുള്ള അത്യാധുനിക സംവിധാനങ്ങളും വരുന്നതാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. തെലങ്കാന, ആസാം, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള ഉല്പന്നങ്ങളും മേളയിലുണ്ട്.

