പിഎം ശ്രീ പദ്ധതിയിലെ ഭിന്നത തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അഭിനന്ദനം. ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരളത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി.
ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും കെ പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.

പി.എം ശ്രീ പദ്ധതി ധാരണാപത്രം ഒപ്പിട്ടതിൽ ഉദ്യോഗസ്ഥരെ പരോക്ഷമായി കെ പ്രകാശ് ബാബു വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര അനുകൂലികളായ ഉദ്യോഗസ്ഥർ തന്ത്രപരമായ വാദഗതികളിലൂടെ പലസംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കി.കേരളത്തിൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ആവശ്യമായ ചർച്ച നടത്താതെ ധാരണ പത്രം ഒപ്പിട്ടു. ഇത് ചില ആസ്വാരസ്യങ്ങൾക്കിടയാക്കിയെന്നും പ്രകാശ് ബാബു ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ കൂട്ടിച്ചേർത്തു.

