കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.

യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തില്‍ ജമീലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയര്‍ന്നു വന്ന നേതാവായിരുന്നു അവര്‍.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയില്‍ മികവ് തെളിയിച്ചാണ് അവര്‍ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലാളിത്യമാര്‍ന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവെന്ന നിലയില്‍ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ബദ്ധശ്രദ്ധയായി. കാനത്തില്‍ ജമീലയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

