ഗുരുവായൂര്‍: ഭഗവാന് ഗുരുവായൂരപ്പന്റെ തിടമ്പേറ്റി അമ്പത് വര്‍ഷത്തിലേറെ കാലം സേവനം അനുഷ്ഠിച്ച, ‘ഗജരാജന്‍’ ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മ ദിനം ആചരിച്ചു. പുന്നത്തൂര്‍ ആനത്താവളത്തിലെ പിന്‍ഗാമികളായ ഗജവീരന്മാര് പ്രണാമം അര്‍പ്പിച്ചു. 1976 ഡിസംബര്‍ 2-ന്, അതീവ പുണ്യദിനമായ ഗുരുവായൂര്‍ ഏകാദശി ദിവസം, ഭഗവാന്റെ നടയ്ക്ക് അഭിമുഖമായി തുമ്പിക്കൈ ഉയര്‍ത്തി വണങ്ങി, ഉപവാസമനുഷ്ഠിച്ചുകൊണ്ട് കേശവന് ദേഹത്യാഗം ചെയ്തെന്ന ഐതിഹ്യം ഭക്തര്‍ക്ക് ഇന്നും അത്ഭുതമാണ്.

മനുഷ്യരെപ്പോലെ തന്നെ പക്ഷിമൃഗാദികള്‍ക്കും ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഗജേന്ദ്രമോക്ഷം പോലുള്ള ഭാഗവത കഥകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ ആനയുടെ ജീവിതം ഒരു അത്ഭുത ഭക്തിഗാഥയായി നിലനില്ക്കുന്നു.
1922 ജനുവരി 4-നാണ് നിലമ്പൂര്‍ വലിയ തമ്പുരാന് തന്റെ നേര്‍ച്ചയുടെ ഭാഗമായി, 10 വയസ്സുള്ള കേശവനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഗുരുവായൂരപ്പന് വേണ്ടിയുള്ള 50 വര്‍ഷത്തെ സേവനത്തിന്റെ ബഹുമതിയായി 1973-ല്‍ ദേവസ്വം കേശവന് ‘ഗജരാജന്‍’ എന്ന അമൂല്യമായ പട്ടം നല്കി ആദരിച്ചു.

പ്രത്യേകതകള്‍: 10 അടിയില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്ന കേശവന്, ശാന്തസ്വഭാവവും ഗാംഭീര്യവും തലയെടുപ്പും കൊണ്ട് ശ്രദ്ധേയനുമായിരുന്നു. ഭഗവാന്റെ തിടമ്പ് എടുക്കുന്ന വ്യക്തിക്ക് മുന്നില്‍ മാത്രമേ കേശവന് മുന്കാല് മടക്കി കൊടുക്കുകയുള്ളൂ എന്നതും, മറ്റുള്ളവര്‍ക്ക് പിന്നിലൂടെ കയറേണ്ടി വരുമായിരുന്നു എന്നുള്ളതും കേശവന്റെ ഭക്തിയുടെ തീവ്രത എടുത്തുകാട്ടുന്നു.

കേശവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഭക്തരും, ആനപ്രേമികളും, ദേവസ്വം അധികൃതരും പുഷ്പാഞ്ജലി അര്‍പ്പിച്ചു. ലോകത്ത് ഒരൊറ്റ ആനയ്ക്ക് വേണ്ടി വര്‍ഷം തോറും അനുസ്മരണ ചടങ്ങ് നടക്കുന്നത് ഒരുപക്ഷേ ഗുരുവായൂരില്‍ മാത്രമായിരിക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മകള്‍, തലമുറകളായി ഭക്തിയുടെയും അര്‍പ്പണബോധത്തിന്റെയും മകുടോദാഹരണമായി നിലനില്ക്കുന്നു.
