തിരുവനന്തപുരം: നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്ക് ആശങ്കയാകുന്നു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോർപറേഷൻ സോണൽ ഓഫീസ് ലെയ്ൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിലെ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലാണ് ചുവപ്പ് നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേമം പൊലീസ് അന്വേഷണം തുടങ്ങി.

പകൽ സമയത്ത് മാസ്ക് ധരിച്ച ഒരാൾ ആളില്ലാത്ത വീടുകൾ കണ്ടെത്തി വീടിനു മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
രാത്രികാലങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘങ്ങൾ വീടുകൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ചുവപ്പു മാർക്ക് അടയാളപ്പെടുത്തുന്നതെന്ന സംശയമാണ് നാട്ടുകാർക്ക്.

വീട്ടുടമകൾ ജാഗ്രത പാലിക്കണമെന്ന് നേമം പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 4 വർഷം മുൻപ് സമാന രീതിയിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ചത് ആശങ്കയുണ്ടാക്കിയിരുന്നുവെന്നു പ്രദേശവാസികൾ വ്യക്തമാക്കി.

