തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്ത. അടുത്ത അധ്യയന വർഷം മുതൽ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ ദീർഘകാലത്തെ പരാതി പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പഠനഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ഈ ആവശ്യം ഗൗരവമായി പരിഗണിച്ച സർക്കാർ, സിലബസ് പരിഷ്കരിക്കാനുള്ള നിർദ്ദേശത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം തേടുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ ഈ മാറ്റങ്ങൾ നിലവിൽ വരും.
സിലബസിന്റെ വലിപ്പം കുറയുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിന്റെ കാതൽ ചോർന്നുപോകാതെ തന്നെ വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

വിദ്യാർഥികളുടെ ശാരീരിക ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടാണ് സ്കൂള് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾക്ക് സർക്കാർ നേരത്തേ തുടക്കമിട്ടത്. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം, കുട്ടികൾക്ക് അനാവശ്യമായ ഭാരം ചുമക്കാതെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകിയ കരട് റിപ്പോർട്ടിൽ വിഭാവനം ചെയ്തിരുന്നു. വളരുന്ന പ്രായത്തിലുള്ള കുട്ടികളുടെ നട്ടെല്ലിനും പേശികൾക്കും അമിതഭാരം ഏൽപ്പിക്കുന്ന ആഘാതം കണക്കിലെടുത്തായിരുന്നു ഈ ശാസ്ത്രീയ സമീപനം സ്വീകരിച്ചത്.

