കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ വനിതാ ശിശു വികസന വകുപ്പിന്റെ ‘കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി’ സംരക്ഷണത്തില്‍ സുരക്ഷിതരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്കിയ തുക കൂടാതെ വനിതാ ശിശു വികസന വകുപ്പ് 10 ലക്ഷം രൂപ കുട്ടികളുടേയും ജില്ല ശിശു സംരക്ഷണ ഓഫീസറുടേയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ട്ടപ്പെട്ടുപോയ 12 കുഞ്ഞുങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വീതവും നിക്ഷേപമായി ഇട്ടിട്ടുണ്ട്. ഇതുകൂടാതെ 31 കുഞ്ഞുങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പിന്തുണയും നല്‍കുന്നുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ദുരന്തം ഉണ്ടായി ആദ്യ ദിവസങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഏകാരോഗ്യ കാഴ്ചപ്പാടോടെ, എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം. മേപ്പാടി പ്രദേശം എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ കാണപ്പെടുന്ന പ്രദേശമായിട്ടുകൂടി രോഗങ്ങള്‍ വന്നില്ല എന്നതും, ക്യാംപുകളില്‍ വയറിളക്ക രോഗങ്ങളോ കൊതുകുജന്യ രോഗങ്ങളോ പൊട്ടിപ്പുറപ്പെട്ടില്ല എന്നതുമാണ് പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയുടെ തെളിവാണെന്നും മന്ത്രി കുറിച്ചു.

ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോള്‍ ഉണ്ടായപ്പോള്‍ അച്ഛനേയും അമ്മയേയും നഷ്ടമായ 7 കുഞ്ഞുങ്ങള്‍. അവര്‍ സുഖമായിരിക്കുന്നു. അവരില്‍ ഒരാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായി. ബാക്കിയുള്ളവര്‍ 5 മുതല്‍ 16 വയസ്സ് വരെയുള്ളവര്‍. എല്ലാ ദിവസവും സ്കൂളില്‍ പോകുന്നു. ചെറിയച്ഛന്റെയോ അമ്മയുടെ സഹോദരിയുടേയോ മുത്തച്ഛന്റേയോ മുത്തശ്ശിയുടേയോ, അതുപോലെ അടുത്ത ബന്ധുക്കളുടെ വീടുകളില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. 7 പേരില്‍ 3 പേരും പെണ്മക്കളാണ്. വനിതാ ശിശു വികസന വകുപ്പിന്റെ ‘കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി’ സംരക്ഷണത്തിലാണ് ഈ കുഞ്ഞുങ്ങള്‍ ഉള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്കിയ തുക കൂടാതെ വനിതാ ശിശു വികസന വകുപ്പ് 10 ലക്ഷം രൂപ കുട്ടികളുടേയും ജില്ല ശിശു സംരക്ഷണ ഓഫീസറുടേയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
മാതാപിതാക്കളില്‍ ഒരാള്‍ നഷ്ട്ടപ്പെട്ടുപോയ 12 കുഞ്ഞുങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വീതവും നിക്ഷേപമായി ഇട്ടിട്ടുണ്ട്. ഇതുകൂടാതെ 31 കുഞ്ഞുങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പിന്തുണയും നല്കുന്നു.
മുറിവേറ്റവര്‍ക്ക് ചികിത്സ, ശാരീരികവും മാനസികവുമായ സൗഖ്യം, പോസ്റ്റുമോര്‍ട്ടം ക്രമീകരണം, ശരീര ഭാഗങ്ങള്‍ മാത്രം ഒക്കെ ലഭിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് സമഗ്ര പ്രോട്ടോകോള്‍, ആരോഗ്യ പ്രവര്‍ത്തകരെ അധികമായി വിന്യസിക്കല്‍, താല്‍ക്കാലിക ആശുപത്രി ദുരന്തമുഖത്ത് സജ്ജമാക്കല്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, ക്യാമ്പുകള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗങ്ങളുടെ തുടര്‍ചികിത്സ ഉറപ്പാക്കല്‍ അങ്ങനെ അങ്ങനെ ചെറുതും വലുതുമായ അനേകം പ്രവര്‍ത്തനങ്ങള്‍… ക്യാമ്പുകളില്‍ ഓരോരുത്തരും കരുതലോടെ പിന്തുണച്ചു. ഗര്‍ഭിണികള്‍ (ക്യാമ്പുകളില്‍ മാത്രം ഉണ്ടായിരുന്നത് 13 പേര്), കുഞ്ഞുങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, വിവിധ രോഗങ്ങളുള്ളവര്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ലിസ്റ്റ് തയ്യാറാക്കി പിന്തുണയും ചികിത്സയും ഉറപ്പാക്കി.
ആദ്യ ദിവസങ്ങളില്‍ തന്നെ രണ്ട് കാര്യങ്ങളില്‍ പ്രത്യേകം നല്കിയ ഊന്നല്‍ ദുരന്തത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ സഹായിച്ചു.
1. പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഏകാരോഗ്യ കാഴ്ചപ്പാടോടെ, എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം. മേപ്പാടി പ്രദേശം എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ കാണപ്പെടുന്ന പ്രദേശമായിട്ടുകൂടി രോഗങ്ങള്‍ വന്നില്ല എന്നതും, ക്യാമ്പുകളില്‍ വയറിളക്ക രോഗങ്ങളോ കൊതുകുജന്യ രോഗങ്ങളോ പൊട്ടിപ്പുറപ്പെട്ടില്ല എന്നതുമാണ് പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയുടെ തെളിവ്.
2. മാനസികാരോഗ്യം ഉറപ്പാക്കാന്‍ വനിതാ ശിശു വികസന വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും കൗണ്‍സിലേഴ്സും മാനസികാരോഗ്യ വിദഗ്ധരും നിരന്തരം വ്യക്തിപരമായി ഓരോരുത്തരുമായും സംസാരിച്ച് ധൈര്യം നല്കി. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് അത് നല്കി. ഒരു വര്‍ഷം നീണ്ട മാനസികാരോഗ്യ പരിപാടിയാണ് വയനാട്ടില്‍ നടത്തിയത്.
ഒരുപാട് മുഖങ്ങള്‍ മനസ്സിലേക്ക് കടന്നുവരുന്നു. ആശാപ്രവര്‍ത്തക ഷൈജ ഉള്‍പ്പെടെ അനേകര്‍.
സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നു. ഞാന്‍ മാത്രമല്ല, കേരളം ഒന്നായി…
