തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ വാക്പോരുണ്ടായി. രാഹുല്‍ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശന്റെ പേരെടുത്ത് പറയാതെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കെപിസിസി വിളിക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിവാക്കുന്ന ഒരു പ്രത്യേക നേതാവിന്റെ ശീലം സംഘടനയ്ക്ക് വലിയ നഷ്ടം വരുത്തിയെന്ന് ദീപാദാസ് മുന്‍ഷി അഭിപ്രായപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയുടെ തുറന്നുപറച്ചില്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനത്തു നിന്നുള്ള നേതാക്കളെ അത്ഭുതപ്പെടുത്തി.
ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, എല്ലാ നേതാക്കളും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടുവെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാവ് വ്യക്തമാക്കി.

യോഗത്തില്‍ ആരും വി ഡി സതീശനെ പിന്തുണച്ചില്ല. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള നേതാക്കളായ സണ്ണി ജോസഫ്, വി ഡി സതീശന്, കെ മുരളീധരന്, രമേശ് ചെന്നിത്തല, എം എം ഹസ്സന്, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

