തിരുവനന്തപുരം∙ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കണിയാപുരത്തിന് സമീപം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ അഭിജിത്തിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.

അഞ്ച് വിദ്യാർഥികളിൽ രണ്ട് പേരെയാണ് തിരയിൽപെട്ട് കാണാതായത്. കാണാതായ നബീലിനായി തിരച്ചിൽ തുടരുകയാണ്. കണിയാപുരം സിംഗപ്പുർ മുക്കിൽ താമസിക്കുന്ന തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് അഭിജിത്ത്. പത്താം ക്ലാസ് വിദ്യാർഥിയാണ്. പ്ലസ് വൺ വിദ്യാർഥിയാണ് കാണാതായ നബീൽ.
അപകടം നടന്നതിന് പിന്നാലെ ആഷിക്ക്, ഹരിനന്ദൻ എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ആസിഫ്(15) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടലിലെ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്ത് മരിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിലാണ് കുളിക്കാൻ ഇറങ്ങിയത്.

