തിരുവനന്തപുരം: ഓണാഘോഷ ത്തിന് ഉത്സവഛായ പകർന്ന് തിരുവനന്തപുരം നഗരത്തിലെമ്പാടും ദീപാലങ്കാരങ്ങൾ മിഴി തുറന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നിൽ നിർവ്വഹിച്ചു.

സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6 ന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളത്തിന്റെ മതസാഹോദര്യത്തിന്റെ പ്രതീകമാണ് ഓണാഘോഷമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് വിദേശത്തു നിന്ന് ഉൾപ്പെടെ ഒട്ടേറെ സഞ്ചാരികൾ കേരളത്തിലെത്തും.
ടൂറിസം മേഖലയ്ക്ക് ഇത് പുതിയ ഉണർവ് നൽകും. തിരുവനന്തപുരത്തെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ, എ.എ റഹീം എംപി, എംഎൽഎമാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ഓണം വാരാഘോഷത്തിന്റെ പതാക മന്ത്രി മുഹമ്മദ് റിയാസ് കനകക്കുന്നിൽ ഉയർത്തി. കനകക്കുന്നിൽ ആരംഭിച്ച ഓണം ഭക്ഷ്യമേള, മീഡിയ സെന്റർ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

കവടിയാർ മുതൽ മണക്കാട് വരെയാണ് വർണാഭമായ ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ദീപാലങ്കാരം. ഇതുകൂടി ആസ്വദിക്കാനായിട്ടാണ് ഓണക്കാലത്ത് രാത്രി വൈകിയും ഏറ്റവുമധികം ആളുകൾ നഗരത്തിൽ എത്തുന്നത്. മുൻ വർഷങ്ങളേക്കാൾ ആകർഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും സർക്കാർ മന്ദിരങ്ങളും ദീപാലങ്കാരത്തിന്റെ ഭാഗമാണ്.സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബർ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ 10,000 ത്തോളം കലാകാരൻമാർ ഓണാഘോഷ പരിപാടികളുടെ ഭാഗമാകും.

