തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തനിക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര- സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു സംഭവം. പുരസ്കാരം സമ്മാനിച്ചത് സംസ്ഥാന സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐഎഎസ് ആയിരുന്നു. പുരസ്കാര ജേതാക്കള്‍ ചിത്രമെടുത്തപ്പോള്‍ ശ്രീജിത് മൂത്തേടത്ത്, സാംസ്കാരിക ഡയറക്ടര്‍ക്കൊപ്പം നിന്നുവെന്നതാണ് കാരണമായി പറഞ്ഞത്.

ഇന്ന് കാലത്ത് 11 മണിക്കായിരുന്നു പുരസ്കാര വിതരണം. പരിപാടികള്‍ കഴിഞ്ഞ് വൈകിട്ട് നാലേകാല്‍ മണിയോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് ഫോണില്‍ വിളിച്ചാണ് ആക്രോശിച്ചത്. ചിത്രമെടുക്കുമ്പോള്‍ ശ്രീധറിന് ദിവ്യ എസ് അയ്യരോടൊപ്പം നില്ക്കാന് ആയില്ല, അവര്‍ക്കിടയില്‍ ശ്രീജിത്ത് മൂത്തേടത്ത് നിന്നുവെന്നാണ് കാരണം പറഞ്ഞത്. ‘നീ ആരാടാ നായേ’ എന്ന് ചോദിച്ചായിരുന്നു ശ്രീധരന് ആക്രോശിച്ചതെന്നാണ് ശ്രീജിത്തിന്റെ ആരോപണം.
സാര്‍, താങ്കള്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഡയറക്ടറാണ്. നിങ്ങള്‍ പ്രഖ്യാപിച്ച പുരസ്കാരം വാങ്ങാനാണ് ഞാന്‍ വന്നത്. അത് നല്കി കഴിഞ്ഞ് താങ്കള്‍ വിളിക്കുന്നത് ‘നായേ’ എന്നാണ്, അതിന്റെ അര്‍ത്ഥവും അത് അസ്ഥാനത്താണെന്നും അറിയാമല്ലോ. താങ്കള്‍ക്ക് ഡയറക്ടര്‍ക്കൊപ്പം നില്‍ക്കണമായിരുന്നുവെങ്കില്‍ പറഞ്ഞാല്‍ ഞാന്‍ മാറിത്തരുമായിരുന്നല്ലോ’ എന്നു ചോദിച്ചപ്പോള്‍ ആ വാക്ക് പലവട്ടം ആവര്‍ത്തിക്കുകയായിരുന്നു ശ്രീധരന് എന്നാണ് ശ്രീജിത്തിന്റെ ആരോപണം.

ഫോണ്‍ സംഭാഷണം നിര്‍ത്തിയിട്ട് വീണ്ടും വിളിച്ചപ്പോള്‍ ‘ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല’ എന്ന് വാദിച്ചു. പക്ഷേ ശ്രീജിത്ത് തര്‍ക്കിച്ചപ്പോള്‍ ‘വിളിച്ചു, എന്തുചെയ്യും’ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. തുടര്‍ന്ന് ശ്രീജിത്ത് മൂത്തേടത്ത് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പരാതി നല്കി. സാംസ്കാരിക സെക്രട്ടറിയുടെ ഓഫീസിലും രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

