തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേര് കൂടി പ്രതികളാകും. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളും കൂടിയാണ് പ്രതികളാവുക. കേസില്‍ മൂന്ന് പേരുടെ പങ്കാളിത്തം കൂടി എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പ്രതിയെന്നോ, പ്രതികളെ സംബന്ധിച്ച വിവരങ്ങളോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്ഐടി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഹൈക്കോടതിക്ക് നല്കിയ സീല്‍ഡ് കവറില്‍ എസ്ഐടി ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കട്ടിളപ്പാളി കേസില്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന നാല് പേരുടെ പങ്കാളിത്തത്തെ സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അതേസമയം ദ്വാരപാലക പാളി കേസില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിലായിരുന്നു എസ്ഐടി. ഇതില്‍ ഒരാളുടെ പങ്ക് സ്ഥിരീകരിച്ചതായും ഹൈക്കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വര്‍ണ്ണവാതില്‍ സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശ്, സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിരവധി തവണ വന്നിരുന്നുവെന്നതിനുള്ള തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. ആദ്യതവണ കടകംപള്ളി സുരേന്ദ്രന് വന്നപ്പോള്‍ ഒപ്പം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണന് പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന് ഉപഹാരം നല്കുന്ന ചിത്രവും റിപ്പോര്‍ട്ടര്‍ ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

