തിരുവനന്തപുരം: അച്ഛന്റെ ആശുപത്രിവാസം തങ്ങളെ സംബന്ധിച്ച് വേദനാജനകമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍കുമാര്‍.

ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന് പങ്കുവെച്ച്
ഫേസ്ബുക്കിലായിരുന്നു മകന്റെ പ്രതികരണം.
തുടര്‍ന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകള്‍ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തില്‍ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിര്‍ദ്ദേശിച്ചത്. സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങള്‍ പ്രതീക്ഷയില്‍ത്തന്നെയാണ്’, അദ്ദേഹം പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്നിറങ്ങിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി എസ് കഴിയുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു. 102 വയസുളള വി എസ് അച്യുതാനന്ദന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

