
തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സംസ്ഥാന കമ്മിറ്റി ആദ്യയോഗം ചേരുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ 9.20ഓടെ മകൻ അരുൺകുമാറിന്റെ ലോ കോളജ് ജങ്ഷനിലെ വീട്ടിലെത്തിയാണ് വി.എസിനെ കണ്ടത്.

ആരോഗ്യസ്ഥിതി അരുൺകുമാറിൽനിന്ന് ചോദിച്ചറിഞ്ഞു. അൽപനേരത്തെ കുശലാന്വേഷണത്തിന് ശേഷം മടങ്ങി.
സംസ്ഥാന കമ്മിറ്റിയിൽ വി.എസിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയില്ലെന്നത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി നിഷേധിച്ചിരുന്നു. സമ്മേളനത്തിന് തൊട്ടുടനെയാണ് വി.എസിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടില്ലെന്ന പ്രചാരണമുണ്ടായത്.
ഇത്തരം വാർത്തകൾ തനി തോന്ന്യാസമാണെന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. പാർട്ടിയുടെ ഏറ്റവുംവലിയ കരുത്തായ വി.എസ് ക്ഷണിതാവായി ഉറപ്പായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
