തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.അശോക്. ഉത്തരവിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ബി.അശോകിന്റെ തീരുമാനം.

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിനു പിന്നാലെ അശോക് സെപ്റ്റംബർ 8 വരെ അവധിയിൽ പ്രവേശിച്ചു. പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയർമാൻ സ്ഥാനവും അദ്ദേഹം ഏറ്റെടുക്കില്ല.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ടിങ്കു ബിസ്വാൾ കഴിഞ്ഞദിവസം തന്നെ ചുമതലയേറ്റിരുന്നു. കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ വിവാദം നിലനിൽക്കേയാണ് അശോകിനെ പദവിയിൽനിന്ന് മാറ്റിയത്.

വിവരം ചോർന്നത് അന്വേഷിക്കാൻ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോർട്ടിൽ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശോകിന്റെ സ്ഥാനചലനം.

