തിരുവനന്തപുരം: ദശലക്ഷക്കണക്കിന് മങ്കമാർ ഭക്ത്യാദരപൂർവം കാത്തിരുന്ന മറ്റൊരു പൊങ്കാല പുണ്യത്തിനായി ആറ്റുകാൽ ദേവീക്ഷേത്ര പരിസരം ഒരുങ്ങിക്കഴിഞ്ഞു. ഭക്തിസാന്ദ്രമായ ആ മഹാപുണ്യത്തിന് ഇനി വെറുമൊരു പകലിരവിൻ്റെ അകലം മാത്രമാണുള്ളത്. കേരളത്തിൻ്റെ തലസ്ഥാന നഗരത്തിലെവിടെയും മറ്റു കാഴ്ചകളില്ലാതെ,പൊങ്കാലയിടാനെത്തിയ ഭക്തരും പൊങ്കാല അടുപ്പും കലങ്ങളും മാത്രമാണ് കാണാൻ സാധിക്കുന്നത്.

മാർച്ച് 3ന് രാവിലെ 9.45ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ദശലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും തീ പടരും. പിന്നീട് മണിക്കൂറുകളോളം നഗരമാകെ യാഗശാലയുടെ പ്രതീതിയിലമരും. ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലാണ് പൊങ്കാല കലങ്ങൾ നിരക്കുക.
ഉച്ചയ്ക്ക് 2.15ന് നിവേദിക്കുന്നതോടെ വീണ്ടും പൊങ്കാല പുണ്യത്തിൻ്റെ സായൂജ്യത്തിൽ ദശലക്ഷക്കണക്കിന് ഭക്തർ വീടുകളിലേക്ക് മടങ്ങും. പിന്നെ മറ്റൊരു പൊങ്കാല പുണ്യത്തിനായി വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പാണ്.

പൊങ്കാല ഉത്സവത്തിന് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞതായും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ എ ഗീതാകുമാരി വ്യക്തമാക്കി. ഇത്തവണ 35 ലക്ഷം മുതൽ 40 ലക്ഷം വരെ സ്ത്രീ ഭക്തർ പൊങ്കാല അർപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

