കോട്ടയം: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍ കെ ജി ബിജു അറസ്റ്റിലാകുന്നത്. 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് വിജിലന്‍സ് അറസ്റ്റ് ഉണ്ടായത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു കെ ജി ബിജു.
റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. റിട്ടയര്‍മെന്റിന് രണ്ടുമാസം ബാക്കി നില്‍ക്കെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ബിജുവിനെ കള്ളകേസില്‍ കുടുക്കിയതാണെന്നാണ് സ്വീകരണത്തിന് എത്തിയവരുടെ ആരോപണം.

37 വര്‍ഷം സര്‍വീസുള്ള കെ ജി ബിജുവിനെതിരെ മുന്‍പ് ഒരാരോപണവും ഉണ്ടായിട്ടില്ലെന്നാണ് സ്വീകരിക്കാന്‍ എത്തിയവര്‍ പറയുന്നത്. ആലപ്പുഴയില്‍ നിന്ന് ബസില്‍ ആളുകള്‍ കോട്ടയത്ത് എത്തി സ്വീകരണം നല്‍കുകയായിരുന്നു. ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്.

