കൊല്ലം:ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ശരിവച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താൻ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്.അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ താൻ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയിൽമോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം 5 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.2025 നവംബറിലാണ് സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

