തിരുവനന്തപുരം: ആനക്കൊമ്പടക്കം നിയമപരമല്ലാതെ ‘അനിമൽ ട്രോഫികൾ’ കൈവശം വെച്ചിരിക്കുന്നവർക്ക് വെളിപ്പെടുത്താൻ അവസരം നൽകി വനം വകുപ്പ്. അനിമൽ ട്രോഫികൾ ഡിക്ലയർ ചെയ്യാൻ 45 ദിവസം സമയം നൽകി. 1978 ലെ സംസ്ഥാന വന്യ ജീവി സംരക്ഷണ നിയമ ചട്ടങ്ങൾ ഭേദഗതി വരുത്തിയാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മാസം 4നാണ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുള്ളത്.

ആനക്കൊമ്പിന് പുറമേ കാണ്ടാമൃഗത്തിൻ്റെ കൊമ്പ്, മാനിൻ്റെ കൊമ്പ്, മാൻതോൽ, പുലിത്തോൽ അടക്കമുള്ള മൃഗങ്ങളുടെ തോലുകൾ തുടങ്ങിയവ കൈവശമുണ്ടെങ്കിൽ 45 ദിവസങ്ങൾക്കകം വെളിപ്പെടുത്തി അതിന് സർക്കാരിൻ്റെ പക്കൽനിന്ന് സർട്ടിഫിക്കറ്റ് നേടാം. 2003 ലാണ് ഏറ്റവും അവസാനം ഇത്തരമൊരു അവസരം സർക്കാർ നൽകിയത്. അന്ന് മൂന്ന് മാസം (180 ദിവസം) സമയം നൽകിയിരുന്നു. 1991ലും സമാനമായി സമയം അനുവദിച്ചിരുന്നു. അന്ന് മൂന്നര മാസമാണ് സമയം അനുവദിച്ചത്. 1991 ജൂൺ 17 മുതൽ സെപ്റ്റംബർ 30 വരെയായിരുന്നു അന്ന് അനുവദിച്ചിരുന്ന സമയപരിധി.
അനിമൽ ട്രോഫികൾ വെളിപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഫോറം 13ലാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ഡെപ്യൂട്ട് ഫോസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ സ്റ്റാൻലി വ്യക്തമാക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകൾ പരിശോധിക്കും. ഇതിനായി പ്രത്യേക ഫീസൊന്നും നല്കേണ്ടതില്ല. അപേക്ഷകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയെന്നും ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിയമപരമായി പാരമ്പര്യമായി ലഭിച്ചതോ ഉടമസ്ഥതയിലുള്ളതോ ആയ വന്യജീവി ട്രോഫികൾക്ക് പൊതുമാപ്പ് പദ്ധതി ബാധകമാകും. പ്രഖ്യാപനം സ്വീകരിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് മുമ്പ് ചീഫ് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനോ ട്രോഫി കൈവശം വയ്ക്കുന്നതിൻ്റെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തും. ട്രോഫികൾ യഥാർഥത്തിൽ കൈവശം വച്ചിട്ടുണ്ടെങ്കിലും, ഏതെങ്കിലും മൃഗവസ്തുക്കളുടെയോ ട്രോഫിയുടെയോ നിയന്ത്രണം, കസ്റ്റഡി അല്ലെങ്കിൽ കൈവശം വയ്ക്കൽ എന്നിവ പ്രഖ്യാപിക്കാത്തവർക്ക് ഈ പദ്ധതി പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.

