ആലപ്പുഴ: കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിക്കപ്പെടുമ്പോൾ, വൈകാരികമായ ഒരു കുറിപ്പിലൂടെ ശ്രദ്ധേയനാവുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പെരുമ്പളം നിവാസികളുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് അറുതിയാകുമ്പോൾ, ഇത് വെറുമൊരു വികസനമല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനമാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുന്നു.

“രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്… ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ… സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ… ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ… ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!” എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.

