ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28 ശനിയാഴ്ച തുടക്കമാകും. മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. കേരളത്തിലെ പ്രധാന വൈഷ്ണവ തീര്‍ഥ ക്ഷേത്രങ്ങളിലൊന്നാണിത്.

സാധാരണയായി കുംഭമാസത്തില്‍ (ഫെബ്രുവരി-മാര്‍ച്ച്) പത്തു ദിവസങ്ങളിലായാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ഓരോ ദിവസവും പ്രത്യേക പൂജകളും ഘോഷയാത്രകളും കലാപരിപാടികളും കൊണ്ട് സമ്പന്നമാണ്.
ശനിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്നേ ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തും.

ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാ ശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ ആനയോട്ടം.

