എറണാകുളം: വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിന് കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ (ഫെബ്രുവരി 27) റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് ഹൈക്കോടതി 15 ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയത്. സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിർണായക ഉത്തരവ്.

സിനിമയുടെ ഉള്ളടക്കം പരിശോധിക്കാനും ഹർജിക്കാരുടെ പരാതികൾ കേൾക്കാനും സെൻസർ ബോർഡിനോട് കോടതി നിർദ്ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. സിനിമയുടെ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് കോടതി ഈ നടപടിയെടുത്തത്.
‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുന്നത് വാദം പൂർത്തിയാകും വരെ കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയുടെ ഉള്ളടക്കം മതേതര കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾ ഇന്ന് രാവിലെ 9.45-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡിന് പകരമാവില്ല കോടതി എന്ന നിർമാതാക്കളുടെ വാദത്തിന് കോടതി കൃത്യമായ മറുപടിയും നൽകി. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സിബിഎഫ്സിയോട് ഹൈക്കോടതി പറഞ്ഞു. സിനിമ പുറത്തിറങ്ങി നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് സെൻസർ ബോർഡിനെ കോടതി ഓർമിപ്പിച്ചു. ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ടീസറിൻ്റെ പരിഭാഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന നിർമാതാക്കളുടെ വാദം കേരളത്തിൻ്റെ മതേതര പ്രതിച്ഛായയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കണം. സിനിമ കേരളത്തിന് അപഖ്യാതിയുണ്ടാക്കുന്നതാണോ എന്ന് ബോർഡ് കൃത്യമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
സിനിമ കോടതി കണ്ട് വിലയിരുത്തുന്നത് നിയമപരമല്ലെന്നും, സെൻസർ ബോർഡിന് മാത്രമാണ് അതിനുള്ള അധികാരമെന്നും നിർമാതാക്കൾ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു. കോടതി സിനിമ വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരുടെ ആശങ്കകൾ ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.
