കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ പണിതീർക്കുന്ന വീടുകളുടെ ഉദ്ഘാടനം കഴിഞ്ഞാലും താമസിക്കാൻ ഗുണഭോക്താക്കൾ ഇനിയും കാത്തിരിക്കണം. 178 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും പരിസരമാകെ നിർമാണ സാമഗ്രികൾ ചിതറിക്കിടക്കുന്നതാണ് പ്രധാന തടസം.

അഞ്ച് സോണുകളിലായി 410 വീടുകളാണ് ആകെ പൂർത്തിയാക്കേണ്ടത്. ഇതിൽ സർക്കാർ പ്രഥമ പരിഗണന നൽകിയ 178 വീടുകളുടെ പണിയാണ് ആദ്യം പൂർത്തീകരിച്ചത്.
വിവിധ സോണുകളിലായി ചിതറിക്കിടക്കുന്ന ഈ വീടുകൾക്ക് സമീപം മറ്റ് വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ നിലവിൽ താമസസൗകര്യം ഒരുക്കാൻ കഴിയില്ല.

നിർമാണ സാമഗ്രികൾ പലയിടങ്ങളിലായി കിടക്കുന്നതും ഒപ്പം രൂക്ഷമായ പൊടിശല്യവും താമസക്കാർക്ക് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിൽ ഏപ്രിൽ 10 വരെ സർക്കാരിനോട് സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി സി.ഒ.ഒ അരുൺ ബാബു പറഞ്ഞു.

