തിരുവനന്തപുരം: ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയെ അപമാനിച്ച കേസില്‍ മെന്‍സ് കമ്മീഷന് വേണമെന്ന ആവശ്യവുമായാണ് ജയിലില്‍ നിരാഹാര സമരം കിടന്നത്.

ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.
നിരാഹാരം പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാനും ജാമ്യം അനുവദിച്ചാല്‍ മറ്റ് തടവുകാരും ഇതാവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍ കഴിയുമ്പോള്‍ പോലും സമാന പോസ്റ്റിട്ടു. ഒരു വാക്ക് മാത്രമല്ല കണക്കാക്കുന്നത്. വിഡിയോയുടെ ഉള്ളടക്കമാണ് പരിശോധിച്ചത്. കേസിലെ എഫ്ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. പോസ്റ്റ് പിന്‍വലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.

ഇരകളെ അവഹേളിച്ചുകൊണ്ട് മുമ്പും രാഹുല്‍ പോസ്റ്റുകള്‍ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യത്തില്‍ വിട്ടാല്‍ വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള ദിവസങ്ങളില്‍ മിക്ക സമയവും ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും രാഹുല്‍ സഹകരിക്കില്ലെന്നും പറഞ്ഞ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.

