കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി ഷോക്കടിച്ചത് പോലെയാണ് അതിജീവിത കേട്ടിരുന്നതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് നടി ആദ്യമായി ചോദിച്ചത്. ഞങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല. ആരും ഭക്ഷണവും കഴിച്ചില്ല. അവളെ ആ സമയത്ത് ഒന്നു ആശ്വസിപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് അപ്പോള്‍ ചിന്തിച്ചത്’- ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ഏഴാം പ്രതിയെ വെറുതെ വിട്ടു എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു സ്വിച്ച് ഓഫ് ചെയ്തോളൂ. ഇനി അവിടെന്ന് അങ്ങോട്ട് ആര്‍ക്കും ശിക്ഷ ഉണ്ടാവാന്‍ വഴിയില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തു. ഞങ്ങള്‍ അവളുടെ അടുത്തേയ്ക്ക് പോയപ്പോള്‍ അവള് ഷോക്കടിച്ചതു പോലെ ഇരിക്കുകയായിരുന്നു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചു. ഞങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല. ആരും ഭക്ഷണം കഴിച്ചില്ല. എല്ലാവരും വൈകുന്നേരം വരെ അങ്ങനെ സൈലന്റ് ആയിട്ട് ഇരുന്നു. അപ്പീലിന് പോകുന്നതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ല. അതല്ലായിരുന്നു സംസാരിക്കേണ്ടത്. അവളെ ആ സമയത്ത് ഒന്നു ആശ്വസിപ്പിക്കുക എന്ന് മാത്രമാണ് ചിന്തിച്ചുള്ളൂ.’- ഭാഗ്യലക്ഷ്മി വിതുമ്പലോടെ പറഞ്ഞു.
ഫെഫ്കയില്‍ നിന്നും രാജിവച്ച് ഭാഗ്യലക്ഷ്മി

കോടതി വിധിക്ക് പിന്നാലെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി രാജിവെച്ചു. ഇനി ഒരു സംഘടനയുടേയും ഭാഗമാകില്ല താനെന്നാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്. സെഷന്‍സ് കോടതി വിധിയെ അന്തിമ വിധിയെന്ന നിലയിലാണ് സംഘടനകള്‍ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറയണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

വിധിക്ക് പിന്നാലെ ദിലീപിനെ പുറത്താക്കിയത് വേഗത്തിലായിരുന്നുവെന്നും അപേക്ഷ തന്നാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ബി രാഗേഷും സമാന പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
താനും കൂടിയുള്ളപ്പോള്‍ രൂപീകരിച്ച സംഘടന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ ഇറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല. അതിജീവിതകള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് സിനിമാ മേഖലയിലെ മൂന്ന് സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ പണവും സ്വാധീനവുമുള്ളവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
”എന്ത് വേഗത്തിലാണ് ഈ സംഘടനകള്‍ ദിലിപീനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് എന്ന് നോക്കൂ. ഒരു കത്ത് തരാന്‍ കാത്തു നില്‍ക്കുകയാണ്. ഈ പറയുന്നവര്‍ അവളോട് ഒന്ന് സംസാരിച്ചിട്ടില്ല. ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചിട്ടില്ല. ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും സഞ്ചരിക്കുന്നത് എന്ത് വൃത്തികെട്ട നിലപാടില്ലായ്മയാണ്”- ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
