
കൊട്ടാരക്കര : വീട്ടിൽ നട്ടുവളർത്തിയ ആറു കഞ്ചാവ് ചെടികളുമായി യുവാവ് കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിൽ. മൈലം കുറ്റിവിള വീട്ടിൽ മോനിയാണ് (26) അറസ്റ്റിലായത്.

കഞ്ചാവ് ഉപഭോക്താവായ മോനി മുൻപ് ഉപയോഗിച്ചിരുന്ന കഞ്ചാവിന്റെ കുരു വീട്ടിലെ ചെടിചെട്ടിയിൽ പാകി നട്ടു വളർത്തുകയായിരുന്നു. രണ്ടു മാസം പ്രായവും 18- മുതൽ 10 വരെ സെന്റിമീറ്റർ വളർച്ചയും എത്തിയ കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
സ്വന്തം ഉപയോഗത്തിനായാണ് നട്ടു വളർത്തിയതെന്ന് വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രതി സമ്മതിച്ചിട്ടുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ് കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ പ്രശാന്ത് പി, സുജിത് കുമാർ പി, സിവിൽ എക്സൈസ് ഓഫിസർമാരായ ജ്യോതി, മനീഷ്, സിബിൻ, അജിത്, ഡബ്ല്യൂ. സി .ഒ സൗമ്യ, മുബീൻ എന്നിവരാണ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
