
കോട്ടയം: ബി.ജെ.പി അംഗത്തിന്റെ സഹായത്തോടെ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് എൽ.ഡി.എഫ്. ബി.ജെ.പി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി. വിജയൻ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.

അഞ്ചാം വാർഡ് അംഗം സി.പി.എമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിർ സ്ഥാനാർഥിയില്ലായിരുന്നു.
നാല് ബി.ജെ.പി അംഗങ്ങളും മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം കേരള കോൺഗ്രസിലെ മൂന്നു പേരും വോട്ടെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. കെ.ജി. വിജയനെതിരെ ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പ്രതിഷേധിച്ചു.
ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് ബി.ജെ.പി കഴിഞ്ഞ തവണ ഭരണം പിടിച്ചതോടെ ബി.ജെ.പി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
