കൊച്ചി: കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുതിയൊരു നേതാവ് കൂടി കേരള രാഷ്ട്രീയത്തിലേക്ക്. കെ എം മാണിയുടെ ചെറുമകനും ജോസ് കെ മാണിയുടെ മകനുമായ കെ എം മാണി ജൂനിയറാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വിദ്യാർത്ഥി സംഘടനയായ കെഎസ്സിയുടെ നേതൃത്വത്തിലേക്ക് കെ എം മാണിയെ എത്തിക്കും. ആദ്യം സഹഭാരവാഹിയായും പിന്നാലെ പ്രധാന പദവിയിലേക്കും എത്തിക്കാനാണ് നീക്കം. കേരള കോൺഗ്രസിലെ രണ്ടാം തലമുറയിൽ നിന്ന് പാർട്ടിയിൽ സജീവമാകുന്ന ആദ്യ ആളാണ് കെ എം മാണി ജൂനിയർ.

അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നൽകിയിരുന്നു. രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തിയ ശക്തിപ്രകടനം നടത്തിയാണ് പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് താൻ മാറില്ലെന്ന സന്ദേശം അദ്ദേഹം നൽകിയത്.
നേരത്തെ കടുത്തുരുത്തി മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവർത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോൺഗ്രസ് എമ്മിന് സാധിച്ചിരുന്നു.

പാലായും കടുത്തുരുത്തിയും കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനും പ്രതികരിച്ചിരുന്നു. പാലായിൽ ജോസ് കെ മാണിയുടേത് അജയ്യ നേതൃത്വമാണ്. ജോസ് കെ മാണി എവിടെ മത്സരിക്കണമെന്ന് പാർട്ടിയും ചെയർമാനും തീരുമാനിക്കുമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

