കോട്ടയം: തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താൽക്കാലിക പുനരധിവാസം നൽകാൻ കോടതി പറഞ്ഞിട്ടും തുടർനടപടിയെടുക്കാതെ മുനിസിപ്പാലിറ്റി. കഴിഞ്ഞ മാസം 17നാണ് ഹൈകോടതി അനുമതി ലഭിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളും മർച്ചന്റ്സ് അസോസിയേഷനും സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സ്റ്റാൻഡിൽ നിർമിക്കാനുദ്ദേശിക്കുന്ന താൽക്കാലിക ഷെഡ്ഡിന്റെ പ്ലാനും സെക്രട്ടറിക്ക് കൈമാറി.

മൂന്നുമീറ്റർ വീതിയിലും നീളത്തിലും ഇരുമ്പ് ഷീറ്റിട്ട താൽക്കാലിക കടമുറികളാണ് സ്ഥാപിക്കുക. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് 17ന് കോടതിയെ അറിയിക്കണം. എന്നാൽ ഇതുവരെ കൗൺസിലിൽ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. കെട്ടിടം പൊളിക്കുംമുമ്പ്, 2022 നവംബർ 10ന് ചേർന്ന കൗൺസിൽ യോഗത്തിൽ സ്റ്റാൻഡിൽ താൽക്കാലിക കടമുറികൾ നിർമിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കെട്ടിടം പൊളിച്ചുകഴിഞ്ഞപ്പോൾ അധികൃതർ ഇക്കാര്യം മറന്നു.
കൗൺസിൽ തീരുമാനം നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് മർച്ചന്റ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് വ്യാപാരികളുടെ ചെലവിൽ ഷെഡ് നിർമിക്കാമെന്നും പുതിയ കെട്ടിടം വരുമ്പോൾ സ്വന്തം ചെലവിൽ തന്നെ ഷെഡ് നീക്കണമെന്നുമായിരുന്നു കോടതി നിർദേശം.

ഇക്കാര്യം വ്യാപാരികൾ സെക്രട്ടറിക്ക് സത്യവാങ്മൂലം നൽകുകയും വേണം. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിച്ച വ്യാപാരികളിൽ ഭൂരിഭാഗവും വഴിയാധാരമാണ്. 2022 ആഗസ്റ്റ് മൂന്നിനാണ് കെട്ടിടത്തിലെ 52 കടകൾ ഒഴിപ്പിച്ചത്. ഇതിൽ അഞ്ചുപേർക്കും ഒരു ബാങ്കിനും നാഗമ്പടത്ത് കടമുറി അനുവദിച്ചു. ഒരാൾ മരിച്ചു. രണ്ടുപേർ കടമുറി വേണ്ടെന്ന് പറഞ്ഞു. ബാക്കി 37 പേർക്കുവേണ്ടിയാണ് കോടതിയിൽ പോയത്. സെപ്റ്റംബർ 14നാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.

