കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലൂടെ തിങ്കൾ ഉച്ചകഴിഞ്ഞു വാഹനങ്ങൾ ഓടിത്തുടങ്ങി. സമീപനപാതയുടെ പണി പൂർണമായിട്ടില്ലെങ്കിലും വാഹനങ്ങൾക്കുപോകാവുന്ന വിധം പണി തീർത്തു. ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങൾക്കു പോകുന്നതിനു തടസ്സമില്ല. പരീക്ഷണാർഥം ഞായറാഴ്ച കാർ പാലത്തിലൂടെ വിട്ടിരുന്നു. നേരത്തെ താൽക്കാലിക റോഡിലൂടെയാണു ചെറിയ വാഹനങ്ങൾ വിട്ടിരുന്നത്.

2022 നവംബർ ഒന്നിനാണ് നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ടാറിങ് പൂർത്തിയാക്കി പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.
രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23 ന് നടക്കുന്നതിനാൽ പുതിയ പാലത്തിലൂടെ ഉടൻ ഗതാഗതം പുനസ്ഥാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പാലം തുറന്നതോടെ മൂന്നു വർഷമായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുകയാണ്. കോട്ടയം– വൈക്കം, കോട്ടയം– ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ് പാലം തുറക്കുന്നതിന്റെ പ്രയോജനം ലഭിക്കുന്നത്.

പാലം നിർമാണം നടന്നിരുന്നപ്പോൾ ഇരുകരകളിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളിൽ നിന്ന് ഇറങ്ങി മറുഭാഗത്ത് നടന്നെത്തി അവിടെ നിന്ന് അടുത്ത ബസിൽ കയറി തുടർ യാത്ര നടത്തേണ്ടിയിരുന്നു. ഇതോടൊപ്പം തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.

