കങ്ങഴ: ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. കങ്ങഴ, ഇടയിരിക്കപ്പുഴ, മുണ്ടത്താനം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാപക മദ്യ കച്ചവടം നടത്തുന്നത്.

ബിവറേജസിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന മദ്യം ചില്ലറയായും മൊത്തമായും വിൽക്കുകയാണ്. മുണ്ടത്താനത്ത് ജലനിധി പദ്ധതിയുടെ ഭാഗമായി നിർമിച്ച പൊതു ശൗചാലയം മദ്യപിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്. സംരക്ഷണമില്ലാതെ കിടക്കുന്ന ശൗചായത്തിനുള്ളിലും സമീപത്തും മദ്യപിക്കാനെത്തുന്നവർ നിരവധിയാണ്. സമീപത്തെ റബർതോട്ടങ്ങൾ, വാടക വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും മദ്യക്കച്ചവടമുണ്ട്.
ഇരുചക്ര വാഹനങ്ങളിലും കാറിലും കുപ്പികൾ സൂക്ഷിച്ച് കച്ചവടമുണ്ട്. രാത്രിയിലടക്കം പ്രദേശത്തേക്ക് കൂടുതൽ ആളുകളെത്തുകയും പരസ്യമായി മദ്യപിച്ച് ബഹളം വെക്കുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഉൾപ്രദേശമായതിനാലും പോലീസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതുമാണ ്ഈ ഭാഗങ്ങളിൽ ലഹരി കച്ചവടവും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കാനുള്ള കാരണമെന്നാണ് പരിസവാസികൾ പറയുന്നു.

