
കോട്ടയം ∙ പഴയ പച്ചക്കറി മാർക്കറ്റിലെ നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. എംഎൽ റോഡിൽ സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ സൺഷെയ്ഡിന്റെ കോൺക്രീറ്റ്ഭാഗമാണ് ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ തകർന്നുവീണത്.

അവധി ദിവസമായതിനാൽ ജനത്തിരക്ക് കുറവായിരുന്നു. വൻ അപകടം ഒഴിവായി. ആർക്കും പരുക്കില്ല. മുൻപ് മാവേലി സ്റ്റോർ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റാണ് പ്രവർത്തിക്കുന്നത്.
നഗരസഭയുടെ”ഇത്തരം കെട്ടിടങ്ങളിൽ പലതും ശോച്യാവസ്ഥയിലാണ്. നന്നാക്കുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ തയാറാവുന്നില്ലെന്നാണ് പരാതി.
ഇത്തരത്തിൽ കാലപ്പഴക്കം ചെന്ന, അറ്റകുറ്റപ്പണി അടിയന്തരമായി നടത്തേണ്ട ഒട്ടേറെ കെട്ടിടങ്ങൾ നഗരത്തിലുണ്ട്. വ്യാപാരികൾ പരാതികൾ ഉയർത്തുമ്പോൾ മാത്രമാണ് നവീകരണത്തിനു നഗരസഭ മുതിരുന്നത്. എന്നാൽ നഗരസഭ ടെൻഡർ വിളിച്ച് ഇത്തരം കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുമ്പോൾ ഇവ”നിലംപതിച്ചിട്ടുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽനിന്നു കോൺക്രീറ്റ് പാളികൾ അടർന്നുവീണ് മുൻപും നഗരത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്. പരാതി ഉയർന്നതിനെത്തുടർന്ന് കോടതി സ്വമേധയാ ഇടപെടുകയും തിരുനക്കര പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിന് ഉത്തരവിടുകയും ചെയ്തു.
