ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളോളം നീതിനിഷേധിക്കപ്പെട്ട വിവിധ ജാതി വിഭാഗങ്ങളെ ഒരുമിച്ച് ചേർത്താണ് പട്ടികജാതി എന്ന സംഹിത രൂപപ്പെടുത്തിയത്.
ജനസംഖ്യാപരമായി കേരളത്തിൽ ഈ വിഭാഗങ്ങളിലെ പ്രധാനപ്പെട്ട ഒരു ജാതി സമൂഹമാണ് സാംബവര്‍ (പറയർ ) .ഡിസംബറിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് ശേഷം അവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇടത് – വലത് – NDA മുന്നണികൾ പ്രസിദ്ധീകരിച്ച് കഴിഞ്ഞിരിക്കുകയാണ് .

സാംബവ സമുദായങ്ങൾക്ക് ശക്തമായ സാന്നിദ്ധ്യമുള്ള ചങ്ങനാശ്ശേരി ഉൾപ്പടെയുള്ളയിടങ്ങളിലെ സംവരണ വാർഡുകളിൽ നിന്ന് പോലും കടുത്ത വിവേചനവും അവഗണയുമാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന െഎക്യജനാധിപത്യ മുന്നണിയുടെ (UDF ) ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് . ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ബ്ളോക്ക് പഞ്ചായത്ത് കൂടാതെ 5 പഞ്ചായത്തും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുൾപ്പടെ 6 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായുള്ള 14 ഓളം സംവരണവാർഡുകളിൽ കേവലം രണ്ട് വാർഡുകളിൽ മാത്രമാണ് പട്ടികജാതി സമൂഹത്തിലെ പ്രധാന വിഭാങ്ങളിലോന്നായ സാംബവ സമുദായത്തിൽ നിന്നുള്ള UDF പ്രാതിനിധ്യം എന്നാണ് മനസ്സിലാക്കാനായത് .
മാവേലിക്കര പാർല്ലമെന്റ് മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക നിയോജകമണ്ഡലങ്ങളിൽ നിന്നും കോൺഗ്രസ്സ് ടിക്കറ്റിൽ സ്ഥാനാര്‍ത്ഥികളായുള്ള സാംബവ സമുദായാംഗങ്ങളുടെ എണ്ണം വളരെ പരിതാപകരമാണ് . പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്നും ജയിച്ച ശ്രീ കൊടിക്കുന്നില്‍ സുരേഷ് MP യുടെയും മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ്സ് പ്രാദേശീക നേതൃത്വങ്ങളുടെയും നിഷേധാത്മക സമീപനമാണ് യോഗ്യരായിട്ടും മറ്റിടങ്ങളെ അപേക്ഷിച്ച് കടുത്ത അവഗണന സാംബവ സമുദായത്തിന് ഇവിടങ്ങളിലുണ്ടാകാൻ പ്രധാന കാരണം . ഇത് പ്രതിഷേധാർഹമാണ് .

പ്രാതിനിധ്യ ജനാധിപത്യമാണ് ഭരണഘടന വിഭാവന ചെയ്യുന്നത് എന്നും പട്ടികജാതി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നും കൃത്യമായ ഇടവേളകളിൽ സ്വന്തം പാർട്ടി വേദികളില്‍ പരസ്യമായി പറയുകയും ഈ പേരിൽ നേതൃത്വത്തോട് നിരന്തരം കലഹിക്കുകയും ചെയ്യാറുള്ള ബഹുഃ കൊടിക്കുന്നില്‍ സുരേഷ് എം പി , സംവരണമണ്ഡലങ്ങളിൽ പട്ടികജാതിയിലെ വിവിധ ജാതികൾക്ക് അർഹമായ പ്രാതിനിധ്യം ലഭ്യമാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ് . ഒരു പട്ടികജാതി ജനപ്രതിനിധി എന്ന നിലയിൽ ആ സമൂഹത്തിലെ എല്ലാവർക്കും നീതി ഉറപ്പ് വരുത്തേണ്ട ആൾ തന്നെ യോഗ്യതയുണ്ടായിട്ടും ഒരു സമുദായത്തെ പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും നിഷ്കാസനം ചെയ്യുന്നത് ഭൂഷണമല്ല.

സാംബവ സമുദായത്തോടുള്ള സ്ഥലം എം പിയുടെയും പ്രാദേശീക കോൺഗ്രസ്സ് നേതൃത്വത്തിന്റെയും ഈ കടുത്ത അനീതിക്കും അവഗണനക്കും നിതിനിഷേധത്തിനുമെതിരെ വരുന്ന ത്രിതല പഞ്ചായത്ത് /മുനിസിപ്പല്‍ തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് എം പി പ്രതിനിധാനം ചെയ്യുന്ന മാവേലിക്കര പാർല്ലമെന്റ് മണ്ഡലത്തിന്റെ പരിധിയിലുള്ള അസംബ്ളി നിയോജകമണ്ഡലങ്ങളിൽ െഎക്യജനാധിപത്യ മുന്നണിക്കെതിയായ (UDF ) രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാൻ അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നൂ . നാമമാത്രമായി സ്ഥാനാർത്ഥികളായവർ ഒഴികെ മാവേലിക്കര പാർല്ലമെന്റ് മണ്ഡല പരിധിക്കുള്ളിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ UDF തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അംഗങ്ങള്‍ വിട്ടുനിൽക്കണമെന്നും ആവിശ്യപ്പെടുന്നൂ.
മാവേലിക്കര പാർല്ലമെന്റ് മണ്ഡല പരിധിക്ക് പുറത്തുള്ള മറ്റിടങ്ങളിൽ സ്വതന്ത്ര നിലപാടും , ജനറല്‍ സീറ്റിൽ പട്ടിക വിഭാങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്ന പക്ഷം ആ പാർട്ടിക്കും മുന്നണിക്കും പിന്തുണ നൽകും.
