
കോട്ടയം: വിദ്വേഷ പരാമർശത്തിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇതനുസരിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂഞ്ഞാറിലെ വീട് വളഞ്ഞ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം ഉയർന്നിട്ടുണ്ട്.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സൗഹാർദം തകർക്കുംവിധം മതത്തിന്റെയോ വർണത്തിന്റെയോ വർഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, മതത്തെയും മതവിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു. മുമ്പ് കേസുകൾക്കാധാരമായ പ്രസ്താവനകളും പരാമർശിച്ചു.
