കോട്ടയം: പാമ്പാടിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

ദേശീയപാത 183ൽ ചേന്നംപള്ളിക്ക് സമീപം ഇന്ന് രാവിലെ 6:45 ഓടെയായിരുന്നു അപകടം. പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനിൽ, എ.എസ്.ഐ ജോൺസൺ എസ്., സി.പി.ഒ ശ്രീജിത്ത് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ശ്രീജിത്തിനാണ് സാരമായി പരിക്കേറ്റത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയ ഇവർ തിരികെ പൊൻകുന്നത്തേക്ക് പോകുന്ന വഴി ചേന്നംപള്ളിയിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു.

പാമ്പാടി എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മൂവരേയും ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

