കോട്ടയം: കുടുംബശ്രീ ഓണച്ചന്തകൾക്ക് ഒരുക്കം പൂർത്തിയായി. കുടുംബശ്രീ ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്യുന്നതിനാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്. ജില്ല മിഷന്റെ ആഭിമുഖ്യത്തിൽ 30 മുതൽ സെപ്റ്റംബർ നാലു വരെ 155 ഓണച്ചന്തകളാണ് സംഘടിപ്പിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ കുടുംബശ്രീ സി.ഡി.എസുകളുടെയും നേതൃത്വത്തിലാണ് മേള. ഓരോ സി.ഡി.എസും കുറഞ്ഞത് രണ്ട് ഓണച്ചന്ത മൂന്നു മുതൽ അഞ്ചു ദിവസം വരെ സംഘടിപ്പിക്കും. സംരംഭകർ, ഉപഭോക്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യവും സഹകരണവും ഓണച്ചന്തകൾക്ക് സജീവത കൂട്ടും.
ജില്ലയിലെ 5000ത്തോളം സംരംഭ യൂനിറ്റുകൾക്ക് വരുമാനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. സ്റ്റാളുകളിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടെ ലഭ്യമാക്കും.

ശർക്കര വരട്ടി, ഉപ്പേരി, പായസം, പുളിയിഞ്ചി, കാളൻ, അച്ചാറുകൾ, കാർഷിക ഉൽപന്നങ്ങൾ, പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ബന്ദി, ജമന്തി, വാടാമുല്ല പൂക്കൾ തുടങ്ങിയവയും ജെ.എൽ.ജി യൂനിറ്റുകളിൽ നിന്നുള്ള പച്ചക്കറികളും ലഭ്യമാക്കും.

കുടുംബശ്രീ ഉൽപന്നങ്ങൾ അടങ്ങിയ 750 രൂപ വിലയുള്ള ഓണകിറ്റ് കൂപ്പൺ സിസ്റ്റത്തിലൂടെ അഡ്വാൻസ് ഓർഡർ ആയി ലഭ്യമാക്കും. ഓണച്ചന്ത സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡി.എസുകൾക്കും ജില്ല മിഷൻ 20,000 രൂപ വീതം സഹായം നൽകും. ചങ്ങനാശ്ശേരി പുതൂർ പള്ളി കോംപ്ലക്സ് ഗ്രൗണ്ടിലാണ് ജില്ല തല ഓണ വിപണന മേള. ഉത്രാട ദിവസം വൈകുന്നേരത്തോടെ ഓണച്ചന്ത സമാപിക്കും.
