കോട്ടയം: ജെൻ സി പ്രക്ഷോഭങ്ങളുടെ സന്ദേശം ഗൗരവമായി കാണേണ്ടതാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ് മീഡിയ സംസ്ഥാന കൺവെൻഷൻ കോട്ടയം പി.ഡബ്ല്യൂ.ഡി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളിലൂടെ മിന്നൽ വേഗത്തിൽ പായുന്ന സന്ദേശങ്ങൾ കാലങ്ങളായി നിലനിൽക്കുന്ന രാജ്യാധികാരങ്ങളെ അട്ടിമറിക്കുകയാണ്. സമീപകാലത്ത് ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായ യുവതയുടെ പ്രക്ഷോഭങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ഡിജിറ്റൽ ലോകത്ത് ഉണ്ടാകുന്ന മുന്നറിയിപ്പും നേതാക്കളും ഇല്ലാത്ത ഇത്തരം പ്രക്ഷോഭങ്ങൾ നൽകുന്ന പാഠം സർക്കാരും സമൂഹവും കാണാതെ പോകരുത്.
ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധതയും സമൂഹത്തിലെ അസന്തുലിതാവസ്ഥയും സൃഷ്ടിച്ച അരക്ഷിത ബോധമാണ് ആക്രമണങ്ങളിലേക്ക് നയിച്ചത്.

പ്രായോഗികതയുടെയും നൈതികതയുടെയും പേരിൽ ഈ പ്രക്ഷോഭങ്ങളെ വിമർശന വിധേയമാക്കുന്നുണ്ടെങ്കിലും ജീവിതം പൊറുതിമുട്ടുന്ന ജനത തെരുവിലേക്ക് ഇറങ്ങുമെന്ന ശക്തമായ സൂചനകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയർമാൻ അഡ്വ. എ. സനീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഖിൽ കെ. ദാമോദരൻ, സഹജൻ പി. സി., മണിലാൽ ചവറ, ഷൈജു പാച്ചിറ മിഥുൻ മാവേലിതറ, പ്രഭു രാജു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. എ. സനീഷ് കുമാർ (ചെയർമാൻ ) സതീഷ് ബാലകൃഷ്ണൻ (കോ ഓർഡിനേറ്റർ) മണിലാൽ ചവറ (ഫിനാൻസ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
