
കോട്ടയം ∙ പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും തകർക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ.

പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ എസ്.കാലേബ് (23), സഹോദരൻ ജോഷ്വ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പുതുപ്പള്ളി കൈതപ്പാലം ഭാഗത്തു ബാറിന് സമീപം സംഘം ചേർന്നു പുതുപ്പള്ളി സ്വദേശി യുവാവിനെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. റോഡരികിൽ പാർക്ക് ചെയ്ത വാഹനവും സ്വകാര്യ ബാങ്കിന്റെ എടിഎമ്മും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മുൻവിരോധത്തെത്തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐമാരായ പ്രവീൺ പ്രകാശ്, കെ.എസ്.മനോജ് കുമാർ, ബി.മനോജ് കുമാർ, എഎസ്ഐ പ്രദീപ്കുമാർ, സിപിഒമാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
