കോട്ടയം: അക്ഷരനഗരത്തിന്റെ ഇടനെഞ്ചിൽ ഇന്നു മുതൽ താളമേളങ്ങളും ഭാവവേഷ പകർച്ചകളും. കോട്ടയം നഗരം ആതിഥേയത്വം വഹിക്കുന്ന 36ാമത് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ വേദികൾക്ക് മലയാളത്തിലെ പ്രശസ്തമായ കൃതികളുടെ പേരുകൾ. മാധവിക്കുട്ടിയുടെ ‘നീർമാതളം’ ആണ് എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ പ്രധാനവേദിക്ക് നൽകിയ പേര്.

വൈലേപ്പിള്ളിയുടെ കന്നിക്കൊയ്ത്തിനാൽ അലംകൃതമാവുന്നു എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ മിനി ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന വേദി 2. എം.ടി വാസുദേവൻ നായരുടെ നോവൽ ‘നാലുകെട്ട്’ ആണ് എം.ഡി. സെമിനാരി എച്ച്.എസ്.എസ്. സെമിനാർ ഹാളിലെ വേദി 3. എം.ഡി. സെമിനാരി എൽ.പി.എസിലെ വേദി 4 വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യെ ഓർമിപ്പിക്കുന്നു.
പി. വത്സലയുടെ ‘നെല്ല്’ വിളയുന്നത് വിദ്യാധിരാജ എച്.എസിലെ വേദി 5 ലാണ്. വേദി 6. ആദി (സെന്റ് ആൻസ് എച്ച്.എസ്. മെയിൻ ഓഡിറ്റോറിയം), വേദി 7. ആരോഹണം (സെന്റ് ആൻസ് എച്ച്.എസ്. മിനി ഓഡിറ്റോറിയം), വേദി 8. മതിലുകൾ (സെന്റ് ജോസഫ് ജി.എച്ച്.എസ്), വേദി 9. രണ്ടാമൂഴം (എം.ടി. സെമിനാരി എച്ച്.എസ്.എസ്), വേദി 10. അഷ്ടപദി (എം.ടി. സെമിനാരി എൽ. പി.എസ്. ഓഡിറ്റോറിയം), വേദി 11. തട്ടകം (ഹോളിഫാമിലി എച്ച്.എസ്.എസ്), വേദി 12. മഞ്ഞ് (എം.ടി. സെമിനാരി എച്ച്.എസ്.എസ്. ഗ്രൗണ്ട്), വേദി 13. മയ്യഴി (മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ്) വേദി 14: ഖസാക്ക് (ബേക്കർ എൽ.പി.എസ്. ഓഡിറ്റോറിയം).

കലോത്സവ വിളംബര ജാഥ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാമ്മൻ മാപ്പിള ഹാളിനു സമീപം നിന്നാരംഭിച്ച് എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ മുഖ്യവേദിയിൽ സമാപിക്കും. മൂന്നിന് കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടിയിൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയില്ല എന്നത് പൊലിമ കുറയ്ക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും കലാസ്വാദകരായ നാട്ടുകാർ ഏറ്റെടുക്കുമ്പോൾ കലാമാമാങ്കത്തിന്റെ പുത്തരിയങ്കം തന്നെ കോട്ടയത്തെ വിവിധ വിദ്യാലയങ്ങളിൽ ഒരുക്കിയ വേദിയിൽ അരങ്ങേറും.

