
നാട്ടകം ∙ജലഗതാഗത വകുപ്പിന്റെ കോട്ടയം – ആലപ്പുഴ സർവീസ് ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കി (ഫ്ലോട്ടിങ് ലൈബ്രറി) നാഷനൽ സർവീസ് സ്കീം വൊളന്റിയർമാർ. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് ഫ്ലോട്ടിങ് ലൈബ്രറി സ്ഥാപിച്ചത്. മാസികകൾ, ചെറുകഥകൾ, പഠനങ്ങൾ, നോവലുകൾ എന്നിവ ഉൾപ്പെടുന്ന 200 ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വൊളന്റിയർമാർക്കൊപ്പം അധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവരും പുസ്തകങ്ങൾ സമാഹരിക്കുന്നതിന് നേതൃത്വം നൽകി. ബോട്ട് യാത്രാവേളയിൽ വൊളന്റിയേഴ്സ് യാത്രക്കാരുടെ രക്തസമ്മർദം പരിശോധിക്കുകയും ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.കുട്ടനാടൻ കാർഷിക സംസ്കൃതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കർഷകരോട് സംസാരിക്കുന്നതിനുമായി ആർ ബ്ലോക്ക്, ചിത്തിരക്കായൽ പ്രദേശങ്ങളും സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ലോട്ടിങ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെന്നോ ജോസഫ്, പ്രോഗ്രാം ഓഫിസർ നോബിൾ ജോൺ, പിടിഎ വൈസ് പ്രസിഡന്റ് ജ്യോതിഷ്, ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്റർ സാബു മാധവൻ എന്നിവർ പ്രസംഗിച്ചു
