ഇന്ത്യയിലെ ബാങ്കിംഗ് ഇടപാടുകാർക്ക് കർശനമായ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2026 ഫെബ്രുവരി 1 മുതൽ രാജ്യത്തെ ബാങ്കുകൾ വലിയ ഒരു ദൗത്യത്തിന് തുടക്കമിടുകയാണ്; വർഷങ്ങളായി അനക്കമില്ലാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി അവ എന്നെന്നേക്കുമായി ക്ലോസ് ചെയ്യുക. പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്.

ഒരു വർഷമായി യാതൊരു ഇടപാടും നടക്കാത്ത ‘ഇനാക്ടീവ്’ അക്കൗണ്ടുകൾ, രണ്ട് വർഷത്തിലേറെയായി നിശ്ചലമായി കിടക്കുന്ന ‘ഡോർമെന്റ്’ അക്കൗണ്ടുകൾ, യാതൊരു ആവശ്യവുമില്ലാതെ തുറന്നുവച്ചിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയാണ് ആർബിഐയുടെ നോട്ടപ്പുള്ളികൾ. അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നോ അല്ലെങ്കിൽ പലിശ കയറുന്നുണ്ടെന്നോ കരുതി ഇടപാടുകൾ നടത്താതിരുന്നാൽ ഫെബ്രുവരി ഒന്നു മുതൽ ആ അക്കൗണ്ട് അപ്രത്യക്ഷമായേക്കാം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും, അവയിൽ പകുതിയോളം അക്കൗണ്ടുകൾ ഇന്ന് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. ഇത്തരം ‘സൈലന്റ്’ അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്കും തട്ടിപ്പുകാർക്കും വലിയ താവളമായി മാറുന്നു എന്നതാണ് ആർബിഐയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

ഉടമസ്ഥർ ശ്രദ്ധിക്കാത്ത അക്കൗണ്ടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടക്കുന്നത് തടയുകയാണ് ലക്ഷ്യം. മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്തത് കൊണ്ടുമാത്രം അക്കൗണ്ട് സജീവമാകില്ലെന്നും, ഉപഭോക്താവ് നേരിട്ട് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ മാത്രമേ അക്കൗണ്ട് നിലനിൽക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അക്കൗണ്ട് പൂട്ടിയാൽ അതിലെ പണം നഷ്ടപ്പെടുമെന്ന പേടി വേണ്ടെങ്കിലും, അത് തിരികെ കിട്ടാൻ വലിയ കടമ്പകൾ കടക്കേണ്ടി വരും. ക്ലോസ് ചെയ്യുന്ന അക്കൗണ്ടുകളിലെ തുക ആർബിഐയുടെ ‘ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ്’ ഫണ്ടിലേക്ക് മാറ്റും.
പിന്നീട് ഈ പണം ക്ലെയിം ചെയ്യണമെങ്കിൽ ബാങ്കിൽ നേരിട്ടെത്തി കെവൈസി രേഖകൾ ഹാജരാക്കി നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കൂടാതെ, ഡിഇഎ ഫണ്ടിലേക്ക് മാറ്റുന്ന തുകയ്ക്ക് പിന്നീട് പലിശ ലഭിക്കില്ല എന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്. അതിനാൽ, വർഷങ്ങളായി നോക്കാത്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചെറിയൊരു ഇടപാടെങ്കിലും നടത്തി അവ സജീവമാക്കുകയോ അല്ലെങ്കിൽ നേരിട്ട് ചെന്ന് ക്ലോസ് ചെയ്യുകയോ ചെയ്യുന്നതാണ് ബുദ്ധി.
