തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.
റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ് (ഡോക്ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ),

കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല.

