കൊച്ചി: പിവി അൻവറുമായുളള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ വിമർശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അൻവറുമായി ചർച്ച നടത്താൻ യുഡിഎഫ് നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അൻവർ അടഞ്ഞ അദ്ധ്യായമാണെന്ന് നേതൃത്വം തീരുമാനിച്ചതാണെന്നും രാഹുൽ ചെയ്തത് തെറ്റാണെന്നും വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘രാഹുലിനെ ശാസിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞ ഒരാളുമായി ഒത്തുതീർപ്പില്ല. നേതൃത്വത്തിന്റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ല.

അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. അങ്ങനെയാണെങ്കിൽ യുഡിഎഫിനോടൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു രീതിയിലുളള സംസാരവും നടത്തിയിട്ടില്ല. മത്സരിക്കേണ്ടത് അൻവറിന്റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഇടതുപക്ഷ സർക്കാരിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങളെ ഉപതിരഞ്ഞെടുപ്പിൽ വിചാരണ ചെയ്യും’- വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. അൻവറുമായുളള കൂടിക്കാഴ്ച തെറ്റാണെന്നാണ് നേതൃത്വം പറയുന്നതെങ്കിൽ അത് സമ്മതിക്കുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു, പാർട്ടി പറയുന്നത് അംഗീകരിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. പാർട്ടിക്കെതിരെ ഈഗോയില്ലെന്നും പാർട്ടി പറയുന്നതാണ് ശരിയെന്നും നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
