തിരുവനന്തപുരം: കേരള പൊലീസിൽ ഒരു പരാതി പറഞ്ഞാൽ, മറ്റേതൊരു സംസ്ഥാനത്തെക്കാളുമുപരി കാര്യക്ഷമമായി നടപടിയുണ്ടാവുമെന്ന് വിരമിച്ച പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് എസ്.എ.പി ക്യാമ്പിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും ലഹരിക്കേസുകളുമാകും സംസ്ഥാനം ഭാവിയിൽ നേരിടാൻ പോകുന്ന വെല്ലുവിളി.

കേരള പൊലീസിലെ ഓരോ ഉദ്യോഗസ്ഥരും വളരെ സമർപ്പിതരാണ്. മികച്ച വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരുണ്ടെന്നതും മേന്മയാണ്. ഇത് സൈബർ കുറ്റകൃത്യങ്ങൾ പോലുള്ളവ കൈകാര്യം ചെയ്യുന്നതിന് ഉപകരിക്കുന്നുണ്ട്. നമ്മൾ ഒരു ഓഫീസിൽ പോയാൽ അവിടത്തെ ഓഫീസർമാർ നമ്മോട് എങ്ങനെ പെരുമാറണമെന്നാണോ പ്രതീക്ഷിക്കുന്നത് അതുപോലെയാണ് നമ്മളും സേവനം ചെയ്യേണ്ടത്. യൂണിഫോം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യത്തിനും സംസ്ഥാനത്തിനുമായുള്ള സേവനത്തിനായി എപ്പോഴും ഉണ്ടാകും. ചുമതല ഏൽപ്പിച്ച എല്ലാവരോടും കടപ്പാടുണ്ട്. പ്രൊഫഷണലിസം, പ്രതിബദ്ധത, ത്യാഗസന്നദ്ധത എന്നിവകൊണ്ട് കേരള പൊലീസ് ഇന്ത്യയിലെതന്നെ മികച്ച സംവിധാനമാണ്.

പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ്

പൊലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകി. ആചാരപമായ രീതിയിൽ ജിപ്പിലിരുത്തി ജീപ്പ് കെട്ടിവലിച്ചായിരുന്നു യാത്രയയപ്പ്. തുടർന്ന് അദ്ദേഹം പുതിയ മേധാവി എത്തുംവരെ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന് ചുമതല കൈമാറി. വിജിലൻസ് മേധാവി മനോജ് എബ്രഹാം എ.ഡി.ജി.പിമാരായ പി.വിജയൻ, എം.ആർ.അജിത്കുമാർ, എസ്.ശ്രീജിത്ത്, ഐ.ജിമാരായ ജി.സ്പർജൻകുമാർ, പി.പ്രകാശ്,ഡി.ഐ.ജിമാരായ പൂങ്കുഴലി, അജിതാബീഗം, മുൻ ഡി.ജി.പിമാരായ ടോമിൻ തച്ചങ്കരി, ഋഷിരാജ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രങ്ങൾ പകർത്തി ഋഷിരാജ് സിംഗ്
എസ്.എ.പി ക്യാമ്പിൽ നടന്ന ഷേഖ് ദർവേഷ് സാഹിബിന്റെ യാത്രയയപ്പ് ചടങ്ങിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് അതിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. മുൻ ഡി.ജി.പിമാരടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്. ഗ്രൗണ്ടിലടക്കം ഇറങ്ങി പരേഡിന്റെ ഉൾപ്പടെയുള്ള ഫോട്ടോ അദ്ദേഹമെടുത്തു.
