ആലപ്പുഴ:2029ൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ 2026ൽ നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരക്കാൻ യുവാക്കളോട് രേവന്ത് അഭ്യർഥിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പൊൻതൂവൽ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.

യുവാക്കളുടെ അവകാശങ്ങൾ ബിജെപി തട്ടിയെടുക്കുകയാണ്, അതേസമയം ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് പോരാടുകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ‘‘യുവാക്കളാണ് ഞങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ. യുവശക്തിയിൽ ശക്തമായി വിശ്വസിക്കുന്നു, അവരുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടം തീർച്ചയായും രാജ്യത്ത് ഒരു മാറ്റം കൊണ്ടുവരും.’’– രേവന്ത് പറഞ്ഞു.
‘നിയമസഭയിലേക്കു മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇപ്പോഴിത് 25 വയസ്സാണ്. 21 വയസ്സിൽ വിദ്യാർഥികൾ സിവിൽ സർവീസ് നേടി ഭരണരംഗത്തെത്തുന്നു. 21 വയസ്സിൽ എംഎൽഎ ആകാനും കഴിയണം. കൂടുതൽ ചെറുപ്പക്കാർ പൊതുരംഗത്തേക്കു കടന്നുവരണം.’’–രേവന്ത് റെഡ്ഡി പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനായി കേരളത്തിൽനിന്നു വ്യത്യസ്തമായി, വിപണിയുടെ ആവശ്യം അറിഞ്ഞുള്ള വിദ്യാഭ്യാസരീതിയാണു തെലങ്കാനയിൽ നടപ്പാക്കുന്നതെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾ മാതൃകാപരമാണെന്നും കേരളത്തിലെ പുതിയതലമുറ ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്കു പോകുന്നത് അവസാനിപ്പിക്കാൻ ഈ മാതൃകകൾ ഇവിടെ നടപ്പാക്കണമെന്നു കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പൊൻതൂവൽ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.

